'അന്യന്റെ നിയന്ത്രണത്തിന് വിധേയമല്ലാത്ത സ്ഥിതി' എന്നാണ് സ്വാതന്ത്ര്യം എന്ന പദത്തിന് ശബ്ദതാരാവലി നൽകുന്ന നിർവചനം. മനുഷ്യനെന്ന നിലയിൽ പരാമൃഷ്ഠ സ്വാതന്ത്ര്യം അസാധ്യമാണല്ലോ? ഏറ്റവും ചുരുങ്ങിയത് അവൻ ഭരണഘടനയുടെ നിയന്ത്രണത്തിലുള്ള പൗരനെങ്കിലുമാണ് എന്നത് തന്നെ കാര്യം.
ഒരു വ്യക്തിക്ക് ലഭിക്കുന്ന നിയന്ത്രണങ്ങളോടെയുള്ള സ്വാതന്ത്ര്യമാണ് നമ്മൾ അർത്ഥമാക്കുന്നത്. നിയന്ത്രണങ്ങളില്ലാത്ത സ്ഥിതിയെ ആരെങ്കിലും ലക്ഷ്യം വെക്കുന്നുവെങ്കിൽ അതൊരു ദിവാസ്വപ്നമാണെന്ന് മനസ്സിലാക്കണം.
പേരിൽ മാത്രം യുക്തിയുള്ള വാദികളും, ദേഹേച്ചാ വാദികളും, ഫെമിനിച്ചികളും സമാന ചിന്താഗതിക്കാരും സ്വപ്നലോകത്ത് അഭിരമിക്കുന്നവരാണെന്ന് വ്യംഗ്യം. അല്ലെങ്കിൽ കാര്യമറിയാതെ വാശിപിടിക്കുന്ന കൊച്ച് കുഞ്ഞിന്റെ പക്വതയേ അവർക്കുള്ളു എന്ന് കരുതാം.
മാനുഷിക വ്യവഹാരങ്ങളിൽ ഒന്നൊഴിയാതെ കൃത്യമായും യുക്തമായും ഇടപെടുന്ന ഇസ്ലാം, സ്വാഭാവികമായും മനുഷ്യജീവിയുടെ ചരിത്രാതീതകാലം തൊട്ടേയുള്ള സംഭവങ്ങളിൽ നിർണ്ണായക സ്വാധീനമായ സ്ത്രീയുടെ കാര്യത്തിലും സുരക്ഷിത ബോധത്തോടെ വളരെ കൃത്യമായി ഇടപെടുന്നു. "അന്നിസാഅ്" അഥവാ സ്ത്രീകൾ എന്ന പേരിൽ ഖുർആനിൽ ഒരു അദ്ധ്യായം തന്നെയുണ്ട് എന്നത് അതിന്റെ പ്രാധാന്യത്തെ കുറിക്കുന്നു.
സുരക്ഷ മുൻനിർത്തയുള്ളിടങ്ങളിൽ എല്ലാം ഉള്ളത് പോലെ തന്നെ 'അരുതു'കളുടെ മേമ്പൊടിയുള്ള മാർഗനിർദേശങ്ങളാണ് ഇസ്ലാമികാധ്യാപനങ്ങളും പുലർത്തി പോരുന്നത്. എത്രത്തോളം മറച്ചു പിടിക്കുന്നുവോ അത്രത്തോളം സുരക്ഷയും ആത്മവിശ്വാസവും വർധിക്കുമെന്നാണ് ശരീരം മറക്കുന്നിടത്തെ മന:ശ്ശാസ്ത്രം. അതാണ് ഇസ്ലാം നൂറ്റാണ്ടുകൾ മുമ്പ് തന്നെ നടപ്പിലാക്കിയത്. അതിനെ ഉദാഹരിക്കാനും ശരിതന്നെയാണോ എന്ന് തിരക്കാനും അധികമങ്ങോട്ട് പോകേണ്ടി വരില്ല. ടോക്കിയോയിൽ നടന്നു കൊണ്ടിരിക്കുന്ന ഒളിമ്പിക്സിലെ പുതിയ ചില സംഭവവികാസങ്ങളും ചില വനിത താരങ്ങളുടെ ശ്രദ്ധേയമായ നിലപാടുകളും മാത്രം മതിയാകും.
അതിൽ ഒന്നാമത്തേത് ജർമൻ വനിത ജിംനാസ്റ്റിക്ക് ടീം അംഗങ്ങളുടേതാണ്. സ്വിം സ്യൂട്ട് മാതൃകയിലുള്ള അൽപ വസ്ത്രമായ ലിയോടാർസിന് പകരം കണങ്കാൽ വരെയെത്തുന്ന വേഷം ധരിച്ചാണ് അവർ മത്സരിച്ചത്. "ഞങ്ങൾ ഏറ്റവുമധികം ആത്മവിശ്വാസം അനുഭവിക്കുന്നത് ഈ വേഷത്തിലാണ്" എന്നതായിരുന്നു അവരുടെ ന്യായം. അത് പറഞ്ഞതിലൂടെ പ്രസ്തുത ടീം അംഗം 'പോളീൻ ഷെഫാർ' ന്യായീകരിച്ചത് ഇസ്ലാമിന്റെ നയത്തെ കൂടിയാണ്.
രണ്ടാമത്തേത് ഇതിനെത്തുടർന്നുണ്ടായ ഒളിമ്പിക്സ് കമ്മിറ്റിയുടെ തീരുമാനമാണ്. അഥവാ ജർമൻ ടീമിന്റെ ആവശ്യം മാനിച്ച് ക്ലോസ് റേഞ്ച് ഷോട്ടുകൾ എടുത്ത് സ്ത്രീ ശരീരഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യാതെ മത്സരത്തിന് മുൻഗണന ലഭിക്കുന്ന രീതിയിൽ മത്സരങ്ങൾ ടെലിക്കാസ്സ് ചെയ്യാമെന്ന ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനവും അതിന്റെ പ്രഖ്യാപനവും.
ഏറ്റവും അമൂല്യമായ വസ്തുവാണ് സ്ത്രീ ശരീരമെന്നും ചന്തയിൽ പ്രദർശിപ്പിക്കാനുള്ള ഉപഭോഗ വസ്തുവല്ലെന്നും വൈകിയാണേലും തുറന്നു പറയാനുള്ള ധൈര്യം കാണിച്ചിരിക്കുകയാണ് അവർ.
അതെ, സ്വാതന്ത്ര്യമെന്ന പേരിൽ സ്ത്രീകളെ വാണിഭ സംഘങ്ങളുടെ കച്ചവടച്ചരക്കാക്കുന്ന പ്രക്രിയക്കെതിരെയാണ് ഈ വൻ സംഘങ്ങളുടെ എതിർപ്പുകളെയെല്ലാം മറികടന്ന് അവർ ധൈര്യപൂർവ്വം ശബ്ദിച്ചിരിക്കുന്നത്.
ഇത്തരം വൻ സംഘങ്ങൾ പ്രവർത്തിക്കുന്നുവെന്നതിന്റെ തെളിവുകളിലൊന്നാണ് "The man who would be known; the science of bending and trans sexualism" എന്ന ഗ്രന്ഥമെഴുതിയ അമേരിക്കൻ സൈക്കോളജിസ്റ്റ് ജെ. മൈക്കൽ ബ്ലേയുടെ പുസ്തകം പുറത്തുവന്നപ്പോൾ അതിൽ എൽ.ജി.ബി.ടിയുടെ ആശയങ്ങളുടെ മാതൃകകളോട് ഓരം ചേർന്ന് നിൽക്കാത്തതാണ് എന്ന കാരണം കൊണ്ട് മാത്രം നിരവധി ഭീഷണികൾ നേരിടേണ്ടി വന്നതായുള്ള മൈക്കിൾ ബ്ലേയുടെ വെളിപ്പെടുത്തൽ. സർജറി കഴിഞ്ഞ് ലിംഗമാറ്റം നടത്തിയവരെ അനുതാപപൂർവ്വം സമൂഹം നോക്കിക്കാണുന്നുവെങ്കിലും അവർക്ക് പിറകിൽ വളരുന്ന മറ്റു ലോബികളുണ്ട് എന്ന സംശയത്തിന് ഊന്നൽ നൽകുന്ന തെളിവുകളാണ് ഇവയെല്ലാം. Sexual neuro science-ൽ ഡോക്ടറേറ്റ് നേടിയ കനേഡിയൻ എഴുത്തുകാരി ഡൊബ്റ സോയുടെ "End of gender" എന്ന പുസ്തകത്തിൽ ഇത്തരം ആക്ടിവിസ്റ്റ് ലോബികളുടെ രാഷ്ട്രീയ സ്വാധീനങ്ങളെ സംബന്ധിച്ച് സംസാരിക്കുന്നുണ്ട്. ശാസ്ത്രത്തിൽ മതിയായ തെളിവുകളില്ലാത്ത ബയോളജിക് വിരുദ്ധമായ വാദങ്ങളാണ് ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുകൾ പ്രചരിപ്പിക്കുന്നതെന്നും ഈ പുസ്തകത്തിൽ പറയുന്നു.
പ്രലോഭനങ്ങളാകാതെ പ്രകോപനങ്ങളുമാകാതെ സുരക്ഷിത വസ്ത്രം ധരിച്ചിരിക്കുന്ന ഏറ്റവും അമൂല്യമായ സാമൂഹിക പങ്കാളിയാണ് ഇസ്ലാമിൽ സ്ത്രീ. അതിനെ അടിമത്തമെന്നും പാരതന്ത്ര്യമെന്നും ഉദ്ഘോഷിക്കുന്നവർ ദുഷ്ടലാക്കോടെ വരുന്ന ബിസിനസ് കഴുകന്മാരും അവരുടെ കുഴലൂത്തുകാരുമാണെന്ന് തിരിച്ചറിയുക.
അവരുടെ കെണിയിൽ വീണ നിഷ്കുകളാണ് ഫെമിനിസ്റ്റുകൾ. സമൂഹത്തിന്റെ എല്ലാ മേഖലയിലും തുല്യ സ്വാതന്ത്ര്യം വേണമെന്ന് വാദിക്കുന്ന അവർ നിയന്ത്രണങ്ങൾ കൂടിയാണ് സ്വാതന്ത്ര്യമെന്ന് മനസ്സിലാക്കുന്നില്ല.
സ്വാതന്ത്ര്യമെന്നും പറഞ്ഞ് നഗ്നത സ്റ്റൈൽ ആയി കണക്കുകൂട്ടി ചമഞ്ഞ് നടക്കുന്നവരാണ് കൂടുതൽ മാനസിക സമ്മർദ്ദം നേരിടുന്നത്. കാരണം അവർ തന്നിലേക്ക് ആകർഷിപ്പിക്കുന്നതിനുള്ള തത്രപ്പാടിലായിരിക്കും സദാസമയം. മാത്രമല്ല അവരുടെ ഇഷ്ട കേന്ദ്രങ്ങളായ സ്വതന്ത്ര ചിന്തകരുടെ ഇടങ്ങളിൽ നിന്ന് തന്നെ അവർക്ക് ലൈംഗികമായ ദുരനുഭവങ്ങൾ നേരിടേണ്ടി വന്നതും ഇവിടെ സ്മര്യമാണ്.
ക്ലീഷേ വിമർശനങ്ങളായ അനന്തരാവകാശ നിയമങ്ങളിലെ പുരുഷ മേധാവിത്വവും സ്ത്രീകളുടെ പൊതുരംഗ പ്രവേശത്തെയും കുറിച്ച് വളരെ കുറച്ച് പറഞ്ഞാൽ മതി. കാരണം, അത്തരം വിമർശനങ്ങളുടെ മറുപടി സുതരാം വ്യക്തമാണ്.
അഥവാ പുരുഷന്റെ സാമൂഹിക ചുറ്റുപാടുകളും ഉത്തരവാദിത്വങ്ങളും അത്ര മേൽ വലുതാണ്.
പൊതുരംഗ പ്രവേശത്തെ കുറിച്ചാണെങ്കിൽ ആവശ്യാനുസരണം മതനിയമങ്ങൾ പാലിച്ചു കൊണ്ട് പുറത്തിറങ്ങാവുന്നതേയുള്ളു.
ഭാര്യയെ അടിക്കാൻ ഭർത്താവിന് അധികാരമുണ്ടെന്ന് പറയുന്ന ഖുർആൻ മുന്നോട്ടുവെക്കുന്നത് സ്ത്രീവിരുദ്ധതയും സ്വാതന്ത്ര്യമില്ലായ്മയും അല്ലേ എന്ന് ചോദിച്ചാൽ ഭാര്യയുടെ അനുസരണക്കേട് കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിൽ ഒന്നാമതായി ചെയ്യേണ്ടത് ഭാര്യയെ ഉപദേശിക്കൽ ആണ്. നല്ല ഉപദേശങ്ങൾ ഗുണപരമായ മാറ്റങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. ഉപദേശം വക വെക്കുന്നില്ല എങ്കിൽ അടുത്ത സ്റ്റെപ്പായി ചെയ്യേണ്ടത് ഭാര്യയെ കിടപ്പറയിൽ അവഗണിക്കുക എന്നതാണ്. ഭാര്യ ഭർതൃ ബന്ധത്തിന്റെ ഊഷ്മളതയിൽ വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണല്ലോ ലൈംഗികത. പൊതുവേ ഭാര്യമാരുടെ തുറുപ്പുചീട്ട് കൂടി ആണ് ലൈംഗികത. പ്രകൃത്യാ ലൈംഗികതൃഷ്ണ കൂടുതലുള്ള പുരുഷൻ തന്നോട് പിണങ്ങി കിടപ്പറയിൽ അകന്നുമാറി കിടക്കുന്നത് കഠിന ഹൃദയ അല്ലാത്ത ഏതൊരു ഭാര്യയെയും മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുന്നതാണ്. മനശാസ്ത്രപരമായ ഒരു സമീപനം കൂടിയാണിത്.
മേൽപ്പറഞ്ഞ രണ്ട് കാര്യങ്ങളും ചെയ്തിട്ടും വാശിയും അനുസരണക്കേടും തുടർന്നുകൊണ്ടിരിക്കുകയാണ് എങ്കിൽ ഒരു ശിക്ഷണ നടപടി ആയി കൊണ്ട് ഭാര്യയെ അടിക്കാവുന്നതാണ്. ശിക്ഷണ നടപടി മാത്രമാണിത് ; ശിക്ഷാനടപടി അല്ല. അനുസരണക്കേട് കാണിക്കുന്ന കുട്ടികളെ രക്ഷിതാക്കൾ അടിക്കുന്നത് പോലെ ഒരു ശിക്ഷണ നടപടി ആയി ഉള്ള അടി മാത്രമേ പാടുള്ളൂ. കയ്യിലോ കാലിലോ ഒക്കെ ചെറിയ രൂപത്തിൽ അടിക്കാൻ മാത്രമേ പാടുള്ളൂ. ഈ ആയത്തിന്റെ വിശദീകരണത്തിൽ ഇമാം റാസി (റ) പറഞ്ഞതുപോലെ തൂവാല കൊണ്ടോ കൈപ്പത്തി കൊണ്ടോ പതുക്കെ അടിക്കാനേ പാടുള്ളൂ. ചാട്ടയോ വടിയോ കൊണ്ടൊന്നും അടിക്കരുത്.
സ്ത്രീക്ക് ഇത്രമേൽ സംരക്ഷണവും സുരക്ഷിതത്വവും സ്വാതന്ത്ര്യവും പകരുന്ന സിസ്റ്റം സമ്പൂർണ്ണ മതമായ ഇസ്ലാം മാത്രമാണ്. അത് നൽകി തുടങ്ങിയ ഇടം ജാഹിലിയ്യതിന്റെ കിരാതമായ തേർവാഴ്ചകൾക്ക് ശേഷമാണെന്നത് അതിനെ വേറിട്ട് നിർത്തുന്നു. സ്ത്രീ സ്വാതന്ത്ര്യ വിഷയത്തിൽ നിരന്തരം വിമർശനങ്ങൾ ചൊരിയുന്നവർ അക്കാലഘട്ടത്തിലെ സവിശേഷമായ സാഹചര്യവും തുടർന്ന് സ്ത്രീകളുടെ അവകാശ പ്രഖ്യാപനങ്ങളുമായി കടന്നു വന്ന ഇസ്ലാമിന്റെ നീതി ബോധത്തെയും പഠനവിധേയമാക്കണമെന്നാണ് സൂചിപ്പിക്കാനുള്ളത്.
ലൈംഗികാസ്വാദനത്തിന്റെ കുത്തഴിഞ്ഞ ജീവിതശൈലികൾ സമൂഹത്തിൽ രൂപപ്പെടുമ്പോൾ, അന്യം നിന്ന് പോകുന്നത് സ്ത്രീസ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളുമാണ്. അതിൽ നിന്നും മനുഷ്യന്, വിശിഷ്യാ സ്ത്രീ ജനങ്ങൾക്ക് സംരക്ഷണമൊരുക്കുകയാണ് പരിശുദ്ധ ഇസ്‌ലാം.
Post a Comment