ഒരു ചരിത്ര പുരുഷൻ എന്നാൽ ചരിത്രത്തിലെ ദ്യോതകമായ വ്യക്തിയെന്നാണ് നിർവചനം. അങ്ങനെയെങ്കില്‍, കേരള ചരിത്രത്തിലെ മികച്ച ചരിത്രപുരുഷന്മാരിൽ ഒരാളായി സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങളെ എണ്ണാം. കാരണം, അദ്ദേഹത്തോളം രാഷ്ട്രീയ സാമുദായിക സാഹചര്യങ്ങളെ സ്വാധീനിച്ച വ്യക്തിത്വങ്ങൾ വിരളിലെണ്ണാവുന്നതേ ഉണ്ടാവുകയുള്ളൂ. അദ്ദേഹത്തിൻറെ ചരിത്രം ചികയാൻ ശ്രമിച്ചാൽ കേരള ചരിത്രത്തിലെ വലിയ ഒരു ഏടിലൂടെ നമുക്ക് കടന്നു പോകേണ്ടിയിരിക്കുന്നു. രാഷ്ട്രീയ സാമുദായിക രംഗങ്ങളിൽ പ്രതിസന്ധി നിറഞ്ഞ, എന്നാല്‍ അതിനെയെല്ലാം അനായാസം നേരിട്ട ഒരേട്. *ബാഫഖി തങ്ങളെന്ന രാഷ്ട്രീയ വിദഗ്ധൻ*1938 ൽ മുസ്ലിം ലീഗ് അംഗത്വം എടുക്കുന്നതിൽ തുടങ്ങിയ രാഷ്ട്രീയ ജീവിതം കോഴിക്കോട് ശാഖാ ട്രഷറർ, മുസ്ലിംലീഗ് സംസ്ഥാന പ്രസിഡണ്ട്, അഖിലേന്ത്യാ പ്രസിഡണ്ട് തുടങ്ങിയ സ്ഥാനങ്ങൾ വഹിക്കാൻ അദ്ദേഹത്തെ നിയോഗിതനാക്കി.ഈ രാഷ്ട്രീയ ജീവിതത്തിൽ വിദഗ്ധനായ രാഷ്ട്രീയക്കാരന്റെ എല്ലാ സംഭാവനകളും അദ്ദേഹം കേരളചരിത്രത്തിൽ രേഖപ്പെടുത്തി. 1960-ൽ നടന്ന കേരള നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം 12ൽ 11 സീറ്റുകളിൽ വിജയിച്ച മുസ്ലിം ലീഗിന് സിതി സാഹിബിന്റെ സ്പീക്കർ സ്ഥാനമെങ്കിലും ലഭിക്കാൻ ബാഫഖി തങ്ങളുടെ ഇടപെടൽ നിർണായകമായി. കൂടാതെ 1970-ലെ തിരഞ്ഞെടുപ്പിലെ സപ്തകക്ഷി രൂപീകരണത്തിലും ആദ്യം മുസ്ലിം ലീഗ് മന്ത്രിമാരെ നിയമിക്കുന്നതിലും ബാഫഖി തങ്ങൾ എന്ന രാഷ്ട്രീയ തന്ത്രജ്ഞന്റെ ഇടപെടൽ ചെറുതായിരുന്നില്ല. അന്ന് അച്യുതമേനോൻ മുഖ്യമന്ത്രിയായതും തങ്ങളുടെ ഇടപെടൽ കൊണ്ട് കൂടിയാണെന്ന് പറയാം. കേരള രാഷ്ട്രീയ ചരിത്രത്തിൽ കോളിളക്കം സൃഷ്ടിച്ച വിമോചന സമരത്തിലൂടെ ഇ എം എസ് മന്ത്രിസഭയെ പുറത്താക്കിയതിലും തങ്ങളുടെ വലിയ തന്ത്രങ്ങൾ ഇടപെട്ടു.ഇന്നത്തെ മുന്നണി സംവിധാനങ്ങൾ രൂപപ്പെടുന്നത് തങ്ങളെന്ന് ദീർഘവീക്ഷണമുള്ള രാഷ്ട്രീയക്കാരന്റെ തലയിലായിരുന്നു. ഐക്യമുന്നണിയുടെ രൂപീകരണവും തങ്ങളുടെ വ്യക്തമായ ഇടപെടലുകളുടെ ഫലമായാണ് ഉണ്ടായത്. വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് സ്വന്തമായി സ്കോളർഷിപ്പ് ഏർപ്പെടുത്തിയത് മാതൃകാ രാഷ്ട്രീയക്കാരനായ തങ്ങളായിരുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസിൻറെ പ്രധാന മന്ത്രിമാരും മറ്റു രാഷ്ട്രീയ കക്ഷികളുടെ നേതാക്കളും തങ്ങൾ എന്ന രാഷ്ട്രീയ തന്ത്രജ്ഞനിൽ നിന്ന് നിർദ്ദേശം ആരാഞ്ഞിരുന്നു അതിൽ അത്ഭുതമില്ല. പക്ഷേ, ഇതെല്ലാം ഒരു സമുദായത്തിന് ആത്മീയ നേതൃത്വം നൽകുന്നതിന് ഇടയിലായിരുന്നു എന്നതാണ് അത്ഭുതം. അവസാനം മക്കയിൽ വെച്ച് രോഗശയ്യയിൽ ചന്ദ്രികയിൽ എഴുതിയ പെരുന്നാൾ സന്ദേശത്തിന്റെ കൂടെ താൻ മുൻകൈയെടുത്ത് ഭരണത്തിലേറിയ മന്ത്രിസഭയെ കുറിച്ചും മഞ്ചേരിയിലെ ലോക്സഭ ഉപതെരഞ്ഞെടുപ്പിനെ കുറിച്ചും സർക്കാർ ജീവനക്കാരുടെ സമരത്തെ പറ്റിയും കുറിച്ചിട്ടത് അദ്ദേഹത്തിലെ രാഷ്ട്രീയക്കാരന്‍ അപ്പോഴും ജ്വലിച്ചുനിൽക്കുന്ന തിനാലാവണം.*ബാഫഖി തങ്ങളുടെ ആത്മീയ സംഭാവനകൾ* മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ അമരത്തു നിൽക്കുമ്പോൾ തന്നെ ആത്മീയ രംഗത്തും സജീവ സാന്നിധ്യം ആയിരുന്നു ബാഫഖി തങ്ങൾ. 1926ൽ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രാരംഭ കാലം മുതൽ തന്നെ സംഘടനയുമായി ബന്ധപ്പെട്ടു വന്ന തങ്ങൾ, സമസ്തയുടെ സ്ഥാപക പ്രസിഡന്റും തന്റെ അമ്മാവനുമായ, വരക്കൽ മുല്ലക്കോഴ തങ്ങളുടെ വേർപാടിന് ശേഷം 1932ലാണ് സമസ്തയുടെ പ്രവർത്തന രംഗത്ത് സജീവമാവുന്നത്.1955 ൽ എടരിക്കോട് ചേർന്ന യോഗ തീരുമാന പ്രകാരം ഉന്നത നിലവാരത്തിലുള്ള ദർസ് സ്ഥാപിക്കുന്നതിനെ കുറിച്ച് ചർച്ച നടത്താൻ, വാഴക്കാടുള്ള ദാറുൽ ഉലൂം സന്ദർശിക്കാൻ മുശാവറ നിയോഗിച്ച സംഘത്തിന്റെ നേതാവായി ബാഫഖി തങ്ങളെ ആയിരുന്നു നിശ്ചയിച്ചത്. സമുദായത്തിന് സ്വന്തമായി മദ്രസ എന്ന ആശയം സമസ്തയുടെ കാര്യവട്ടം സമ്മേളത്തിൽ പ്രസംഗിച്ചു കൊണ്ടാണ് മദ്രസ പ്രസ്ഥാനത്തിന് ബാഫഖി തങ്ങൾ ഊർജം തന്നത്. ഈ ചിന്തയാണ് പിന്നീട് വിദ്യാഭ്യാസ ബോർഡിന്റെ പിറവിയിലേക്ക് നയിച്ചത്. ഇന്ന് കാണുന്ന മദ്രസ പ്രസ്ഥാനത്തിന്റെ ഉയർച്ചക്ക് വളം നൽകിയതും. സമസ്ത മുശാവറ അംഗം എന്ന രീതിയിൽ നിർണ്ണായക തീരുമാനങ്ങൾ എടുക്കുന്നതിൽ ബാഫഖി തങ്ങൾക്ക് മുഖ്യ പങ്കുണ്ടായിരുന്നു.താനൂർ ഇസ്ലാഹുൽ ഉലൂം സമസ്ത ഏറ്റെടുക്കണമെന്ന് നിർദ്ദേശിച്ചത് ബാഫഖി തങ്ങളായിരുന്നു. ജാമിഅഃ നൂരിയ്യയുടെ പ്രഥമ പ്രസിഡന്റും ബാഫഖി തങ്ങളായിരുന്നു. M E S മായി അടുത്ത ബന്ധം പുലർതുകയും ആവശ്യമായ സഹായങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തിരുന്ന തങ്ങൾ മതപരമായ ചില കാര്യങ്ങളാൽ അവരുമായി ബന്ധം ഉപേക്ഷിക്കണമെന്ന് സമസ്ത മുശാവറ തീരുമാനിച്ചതോടെ ആ സംഘടനയിൽ നിന്ന് ആദ്യം അംഗത്വം ഒഴിഞ്ഞത് തങ്ങളായിരുന്നു. മതത്തിനും മതപ്രവർത്തനത്തിനും എന്നും ഒന്നാം സ്ഥാനം നൽകിയിരുന്ന വ്യക്തിയായിരുന്നു തങ്ങൾ. ജാമിഅഃ നൂരിയ്യ സ്ഥാപിതമായപ്പോൾ അതിന്റെ പ്രവർത്തനത്തിന്ന് കൂടുതൽ ഊന്നൽ നൽകുന്നതിനായി S S M പോളിടെക്‌നിക് മെമ്പർ സ്ഥാനം തങ്ങൾ രാജിവെച്ച കാര്യം സ്മാരക ഗ്രന്ഥത്തിൽ C H മുഹമ്മദ് കോയ സാഹിബ് രേഖപ്പെടുത്തീട്ടുണ്ട്.സമസ്തയുടെ ആലിമീങ്ങളെ പോലെ തന്നെ, മുജാഹിദ് പ്രസ്ഥാനത്തിന്റെ പണ്ഡിതന്മാരും ബാഫഖി തങ്ങളുടെ ഉറ്റ മിത്രങ്ങളായിരുന്നു. ഖുതുബി മുസ്ലിയാരും കെ എം മൗലവിയും രണ്ടു വ്യത്യസ്ത ആശയക്കാരായ മത പണ്ഡിതരാണെങ്കിലും പലപ്പോഴും ബാഫഖി തങ്ങളുടെ കൊയിലാണ്ടിയിലെ വസതിയിൽ താമസ്ക്കാരായിരുന്നു. എം കെ ഹാജി സാഹിബ് തങ്ങളുടെ കൂടെ ഇഷ നിസ്‌കരിക്കാൻ വരുമ്പോൾ അവിടെ ഉള്ളത് ഹദ്ദാദ് റാത്തീബിൽ പങ്കെടുക്കുമായിരുന്നു. "മുജാഹിദു "കളുടെ നേതൃത്വത്തിൽ തിരൂരങ്ങാടിയിലുള്ള യതീംഖാനയോടാനുബന്ധിച്ച പള്ളിയുടെ തറക്കല്ലിടാൻ തങ്ങളെ ക്ഷണിച്ചതും, തങ്ങൾ അത് നിർവഹിച്ചതും അവരോടുള്ള ബന്ധത്തിന്റെ ആഴത്തെ സൂചിപ്പിക്കുന്നു.മതസൗഹാർദ്ദത്തിനും വിദ്യാഭ്യാസ സാമൂഹ്യ വിപ്ലവത്തിനും നേതൃത്വം നൽകിയ തങ്ങൾ കേരളത്തിലെ സത്വിക നേതൃ നിരയിലെ അവിസ്മരണീയ വ്യക്തിത്വമായി ചരിത്രം രേഖപ്പെടുത്തുന്നു.1973 ജനുവരി 19ന് ബഹുമാനപ്പെട്ട സയ്യിദ് അബ്ദു റഹ്മാൻ ബാഫഖി തങ്ങൾ വിശുദ്ധ മക്കയിൽ വഫാത്തായി. ഖദീജ ബീവി (റ ) യുടെയും സൂഫി വാര്യരായ സൈതലവി മാലിക്കിയുടെയും ഖബ്റുകൾക്ക് സമീപം മക്കയിലെ ജന്നത്തുൽ മഅലയിലാണ് തങ്ങൾ അന്ത്യ വിശ്രമം കൊള്ളുന്നത്. നാളെ തങ്ങളോടൊപ്പം നമ്മെയും അള്ളാഹു അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ. ആമീൻ.
ബാഫഖി തങ്ങൾ കൈരളിയുടെ ഉന്നതി കൾക്ക് അടിത്തറപാകിയ മഹത് വ്യക്തിത്വം
MHSA STUDENTS UNION OF BAFAKHY
0
Post a Comment